Monday, 23 November 2015

ഗുണപാഠസംഹിത

ഒരുനാൾ
മാതുണ്ണിയുടെ തട്ടിൻപുറത്ത്
നിന്നും ഒരു
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
ഇറങ്ങി വന്നു.
വീടരുടെയും നാട്ടുകാരുടെയും
പ്രതിഷേധങ്ങൾ വകവെയ്ക്കാതെ
മാതുണ്ണി അതിനെ
അരികിലിരുത്തി
തലയിലും പുറത്തും
ചൊറിഞ്ഞും തടവിയും
ആശ്ലേഷിച്ചും ഉമ്മ വെച്ചും
സന്തോഷിപ്പിച്ചു.
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
കുറുങ്ങിയും ചിണുങ്ങിയും
മാതുണ്ണിയുടെ
കാലുകൾക്കിടയിലൂടെ
തലങ്ങും വിലങ്ങും വിലസി.
തൻറെ വായിലേയ്ക്ക്
കൊണ്ടുപോയ ചോറുരുളകൾ
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
തട്ടി താഴത്തിട്ട്
തിന്നുന്നത് ആദ്യമാദ്യം
മാതുണ്ണിക്ക് കൗതുകവും
പിന്നീട് ശീലവുമായി.
രൂപക്കൂട്ടിലും  മഹാഗ്രന്ഥങ്ങളുടെ
പുറത്തും കിടന്നുറങ്ങിയ
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
മാതുണ്ണിയുടെ
കറിച്ചട്ടിയിലും ചോറുകലത്തിലും
തലയിട്ടു തപ്പി.
മാതുണ്ണി മഹാമനസ്കൻ
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ചയുടെ
കേളികളൊക്കെ ചിരിച്ച് തള്ളി.
അങ്ങനിരിക്കെ,
താഴെ പായ് വിരിച്ചു കിടന്ന
മാതുണ്ണി, തലയിൽ
രൂപക്കൂട് വീണ്
ചത്തുപോയി.
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
തട്ടുംപുറത്തേയ്ക്ക്
ചാടി രക്ഷപ്പെട്ടു.
പിന്നീടുള്ള ദിവസങ്ങളിൽ
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ചയുടെ
വരവും കാത്ത്
കണ്ണ് ചിമ്മാതെ നിന്ന
വീട്ടുകാർ ഒരു ദിവസം
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ചയെ
ഒരു ചാക്കിൽ പിടിച്ച് കെട്ടി
കടപ്പുറത്ത് കൊണ്ടെറിഞ്ഞു.
കുഞ്ഞിപ്പൂച്ച കുറിഞ്ഞിപ്പൂച്ച
ഇപ്പോൾ തെണ്ടിപ്പൂച്ച
തള്ളപ്പൂച്ച കുറുങ്ങാപ്പൂച്ച.  
മാതുണ്ണിയില്ലാപ്പൂച്ച.
ഇതാ കിടക്കുന്നേ-
മലക്കിടപ്പ്,
ഉസ്താദ് ഹോട്ടലിന്റെ
അടുക്കളയിൽ
ബിരിയാണി
ചെമ്പുകൾക്കിടയിൽ
അന്നം കിട്ടാതെ
അന്നം മുട്ടിച്ച്
എൻ റ്റേം ഓൻ റ്റേം.

No comments:

Post a Comment