Tuesday, 8 July 2014

ദൈവങ്ങൾ

പന്ത്രണ്ടാം ഗ്രഹത്തിൽ നിന്നും ദൈവങ്ങൾ പണ്ട് ഭൂമിയിൽ ഖ നനത്തിനായി വന്നപ്പോൾ അടിമപ്പണിക്കായി വാർത്തെടുത്ത യന്ത്രം, മനുഷ്യൻ.

അവന്റെ പരിപാലനത്തിനും പരിപോഷണത്തിനും വേണ്ടുന്ന സമയ യത്നങ്ങൾ ലാഭിക്കാൻ അവർ അവനൊരു മനസ്സ് നൽകി. ദൈവങ്ങളുടെ മനസ്സിന്റെ ഒരു ചീള് കൊണ്ട് നിർമിച്ച സങ്കുചിതവും നിയന്ത്രണ വിധേയവുമായ ഒരു മനസ്സ്..

ഭൂമിയിലെ ചൂടും തണുപ്പും ഋതുഭേദങ്ങളും അടിമകളെ വേഗം തുരുമ്പിപ്പിച്ചു, കേടാക്കി. ദൈവങ്ങൾ കണ്ട പരിഹാരം - അവർ മനുഷ്യനെ ആണെന്നും പെണ്ണെന്നും തരം തിരിച്ചു. ലിംഗഭേദം.. പ്രത്യുത്പാദനം.. കരുണ.. ദയ.. കോപഭാവഭേദങ്ങളുടെ ആവാഹനം. കേടായാൽ ഒടുങ്ങൽ.. മരണം.

ദൈവങ്ങൾ സ്വന്തം കണ്ടുപിടുത്തം ആഘോഷിക്കവെ, ഉപയോഗിക്കവേ.. മനുഷ്യൻ പ്രകീർത്തിച്ചു, സ്വാർഥരായ നാഥരെ, ദൈവങ്ങളെ. ഉണ്ണി പിറന്നപ്പോൾ മനുഷ്യയന്ത്രം വിളിച്ചു, ദൈവമേ.. ഉണ്ണി വളർന്നപ്പോൾ വിളിച്ചു.. ദൈവമെ.. മരിച്ചപ്പോൾ ഉണ്ണി വിളിച്ചു.. ദൈവമെ..

അപ്പക്കഷണങ്ങൾ എറിഞ്ഞ് കൊടുത്ത് വിളികേട്ടു, ദൈവങ്ങൾ. അങ്ങനിരിക്കേ, പന്ത്രണ്ടാം ഗ്രഹത്തിന്റെ വിളി കേട്ട് മടങ്ങേണ്ടി വന്ന
ദൈവങ്ങൾ മനുഷ്യനെ ബാക്കിവെച്ച് യാത്രയായി.  റോക്കെറ്റുകൾ, ഗ്രഹാന്തര വാഹനങ്ങൾ ഭൂമി വിട്ടു. മനുഷ്യൻ അനാഥനായി.

വിളികേൾക്കാനില്ലാത്ത ദൈവങ്ങൾ കൊടുത്ത അനാഥത്വം അവന്റെ മനം തപിപ്പിച്ചു. അവന്റെ ഭാവന ഉണർന്നു. ദൈവങ്ങൾ കൊടുത്ത ഭാവന. ആജ്ഞകൾ നൽകാനൊരു ദൈവത്തെ അവൻ സൃഷ്ട്ടിച്ചു കോവിലിൽ കുടിയിരുത്തി. ദൈവാജ്ഞകളെ പരിഭാഷിക്കാൻ ഏർപ്പെടുത്തി, വൈദീകരെ. അവരിന്നും ഭാഷിക്കുന്നു.

കഥ മറന്ന മനുഷ്യൻ വിളിക്കുന്നു, ദൈവമേ..

No comments:

Post a Comment