Saturday, 9 November 2013

മറ

ഈ മറച്ചു നിൽക്കുന്ന 
മരങ്ങൾക്കപ്പുറത്ത്
ഒരു ഓലപ്പുരയുണ്ട്
അവിടെ ജീവിതം
നിറഞ്ഞു തുളുമ്പുന്നുണ്ട്
ഇലച്ചാർത്തുകൾക്കും
ഓലമ്മഞ്ഞാലിയുടെ റൂവീ 
വിളികൾക്കുമിടയിലൂടെ
ഒരു കൊച്ച് അടുക്കള
ജനാലയിലൂടെ
കടന്നു വരുന്നത്
ഒരു വീട്ടമ്മയുടെ
പരിദേവനങ്ങളാണ്
ഉണ്ണിയും വെള്ളയും
പങ്കിടുന്നതിലെ
വിധി ന്യായങ്ങളാണ്
തൊഴുത്തിലെ ചാണകം
ആരു വാരും
പശുവിനും ക്ടാവിനും
പുല്ല് ആരു പറിയ്ക്കും
എന്നതിന്റെ വിധി
കൽപനകളാണ്.

തിരിച്ച് നടന്നാൽ
എത്തുന്നത് ചോലകളിലും 
മേച്ചിൽ പുറങ്ങളിലുമാണ്
വൃക്ഷ ച്ചോടുകളിൽ
സന്യാസിമാർക്ക്
പാദസേവ ചെയ്താൽ
പാലും പഴങ്ങളും കിട്ടും
വിറക് കീറിയാൽ
വെള്ളം കോരിയാൽ
കൂലിയും കിട്ടും
കണക്ക് നോക്കിയാൽ
ശംബളം കിട്ടും
നടത്തിപ്പ് കുറ്റമറ്റതാക്കിയാൽ
കമ്മീഷനും കിട്ടും.

തിരിച്ച് നടക്കണോ
അതോ ഈ മരമറ കടന്ന്
ആ ഓലപ്പുരയിലേയ്ക്ക്
പോകണോ?

സംശയം അതിജീവിച്ച്
ഓലപ്പുരയിലേയ്ക്ക്
കുനിഞ്ഞു് കേറുമ്പോൾ
കണ്ടത്
സന്യാസിപ്പുറ്റുകൾ
ചോനലുറുമ്പുകൾ
തലയോടുകൾ
സ്പന്ദനം നിലച്ച
നാഴിക മണി
ഒരു തീപ്പൊരിയുടെ
ചുംബനം കാത്ത്
ആളാൻ വെമ്പുന്ന
പഴയോല
തീപ്പെട്ടിയെടുത്ത്
ഉരയ്ക്കാൻ തുടങ്ങവെ
ഒരു നിമിഷം
ആലോചിച്ചു.
വരട്ടെ പിന്നെയാവാം,
പിന്നെ
കാടിന്റെ സുരക്ഷയിലേയ്ക്ക്
തിരിച്ചു നടന്നു.

No comments:

Post a Comment