Thursday, 1 June 2017

മധുമതി സ്‌കൂളിലേയ്ക്കാണ്!


അകം പുറമുള്ള
പൂക്കൾ നിറഞ്ഞ
ചുറ്റിക്കെട്ടുള്ള
പാവാട
കുഞ്ഞു ബ്ലൗസ്
പിങ്ക് റിബൺ കെട്ടി
എണ്ണ കമിഴ്ത്തി
പിന്നിക്കെട്ടി
പൂവെച്ചു
തൊങ്കി തൊങ്കി
അപ്പുക്കുട്ടൻ കൂട്ടുമായി
മധുമതി സ്‌കൂളിലേയ്ക്കാണ്!
കാവ് പടൽ പൂവ്
പൂമ്പാറ്റ കന്നു ക്ടാവ്
കൈവീശി കാലൂന്നി
തള വള കിലുക്കി
കുത്തിച്ചാടി അന്തമില്ലാവഴി
അളന്നടക്കി
മധുമതി സ്‌കൂളിലേയ്ക്കാണ്!
കൊറ്റലങ്ങാട്ടെ മാവിലുന്നം
വെയ്ക്കുമപ്പുക്കുട്ടനെ
വിരൽചൂണ്ടി
കണ്ണുകൊണ്ടുന്തിമാറ്റി
കൊച്ചുതോട് നീട്ടിച്ചാടി
തെങ്ങുംപൊറ്റേൽ
പ്ധും പതിച്ച്
മുന്നോട്ടാഞ്ഞു
മുട്ടുപൊട്ടി
ചമ്മിച്ചിരിച്ചു
കമ്യൂണിസ്റ്റു പച്ചവെച്ച്
മധുമതി സ്‌കൂളിലേയ്ക്കാണ്!
പുൽമത്തുചിറ
ഷോക്കടിക്കും കറണ്ട്
കമ്പിക്കാലിൽ
കുടകുത്തി
പിടിയാണിയിൽ
തൊട്ടു രസിക്കും
അപ്പുക്കുട്ടനെ
വിലക്കിയകറ്റി
മഴവന്ന്
കുട നീർത്തി
പിടി മുഖം ചേർത്ത്
തണ്ടിലൊഴുകും നനവ്
മൂക്കാൽ തൊട്ടറിഞ്ഞ്
ഉരം കുളിച്ച്
ക്‌ളാസ്സു മുറിയുടെ
പിൻവാതിലിലൂടെ
അയ്യനാട്ടു പാറായി
തോട്
തുറവൂർ കടത്ത്
പാലം
ഹൈവേ
ചെമ്മീൻ നാറും
ചന്തിരൂരും
കടന്ന് നടന്ന്
മധുമതി.

No comments:

Post a Comment