Saturday, 17 October 2015

പൗരാണികത്വം

എനിക്കിത്തിരി പൗരാണികത്വം വേണം.

മച്ചിന് താഴെ ഭിത്തിയിൽ
അത് തൂങ്ങിക്കിടക്കണം.
വരാന്തയിലും മുറ്റത്തും നിന്ന്
നോക്കുന്നവർക്ക് ഒരു മുന്നറിയിപ്പായി.
അവർ മടക്കിക്കുത്തഴിക്കണം
തോളത്ത് നിന്ന് തോർത്തെടുത്ത്
കൈകൾ കൂപ്പി വളഞ്ഞ് നില്ക്കണം
പിന്നെ, ഒരു കൈ
ചെവിക്ക് പിറകിൽ
പരതി പരുങ്ങണം.

വേരുകൾ തേടണം
പുറകോട്ട് പോകണം
നിലയില്ലാതെ അന്തമില്ലാതെ
ഭൂലോകാരംഭം വരെ തേടി
കൊണ്ട് വരണം -
മുത്തുകളും രത്നങ്ങളും.
വിതറണം,
വില്ക്കാതെ വിറ്റ് നേടണം.

ശാസ്ത്രങ്ങളാകണം
വഴി കാട്ടണം
അമ്പരപ്രഭയിൽ ചിമ്മി
കണ്ണ്‍ പൊലിയണം.

സമുദ്രങ്ങൾ താണ്ടണം
സായിപ്പിങ്ങെത്തണം
മുണ്ടുടുപ്പിക്കണം
മടക്കി കുത്തിക്കണം
പിന്നഴിപ്പിക്കണം.

മഴവില്ലിന്നിഴയൊന്ന്
സ്വന്തമായ് വാങ്ങണം
പൊതിയാനെടുക്കണം
അവിടവിടെ തൂക്കണം

വഴിയൊന്നടയ്ക്കണം
തറയൊന്ന് കെട്ടണം
അതിലങ്ങിരുത്തണം

ജപമൊന്ന് ചൊല്ലണം
ജനമേറ്റ് ചൊല്ലണം
ചൊല്ലാതെ നില്ക്കുന്ന
തൊമ്മനെ കൊല്ലണം.

No comments:

Post a Comment